ഓപ്പറേഷൻ തൂഫാൻ – വാർഡുതല ജനകീയ സഭ

മരട് നഗരസഭ

 

      കേരളത്തെ ലഹരിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ കേരള പോലീസിന്‍റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന സംസ്ഥാനതല ലഹരിവിരുദ്ധ ദൗത്യമായ ഓപ്പറേഷൻ തൂഫാൻ – ദി നാർക്കോ ഹണ്ട് പദ്ധതിയുടെ ഭാഗമായി മരട് നഗരസഭയിൽ വാർഡുതല ജനകീയ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നു.

 

ലഹരിയുടെ ഉപയോഗവും വ്യാപനവും തടയുക, കുട്ടികളെയും യുവജനങ്ങളെയും ലഹരിയുടെ അപകടങ്ങളിൽനിന്ന് സംരക്ഷിക്കുക, ലഹരിവിരുദ്ധ പ്രവർത്തനങ്ങളിൽ പൊതുജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ.

 

ഇതിന്‍റെ ഭാഗമായി നഗരസഭയിലെ വിവിധ വാർഡുകളിൽ വാർഡ് സഭകളിലൂടെ ലഹരിവിരുദ്ധ ബോധവൽക്കരണവും ജനകീയ ചർച്ചകളും സംഘടിപ്പിക്കുന്നു. വാർഡ് കൗൺസിലർമാർ, പോലീസ്, എക്സൈസ് വകുപ്പ്, കുടുംബശ്രീ പ്രവർത്തകർ, അധ്യാപകർ, യുവജന സംഘടനകൾ, റെസിഡന്റ്സ് അസോസിയേഷനുകൾ, സന്നദ്ധ സംഘടനകൾ, പൊതുജനങ്ങൾ തുടങ്ങിയവരുടെ പങ്കാളിത്തത്തോടെ ലഹരിക്കെതിരായ കൂട്ടായ പ്രതിരോധം ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം.

 

പ്രധാന പ്രവർത്തനങ്ങൾ

 

  • വാർഡുതല ലഹരിവിരുദ്ധ ജാഗ്രതാ സമിതികൾ രൂപീകരിക്കുകയും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും ചെയ്യുക.
  •  
  • വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുക.
  •  
  • കുടുംബശ്രീയുടെയും റെസിഡന്റ്സ് അസോസിയേഷനുകളുടെയും സഹകരണത്തോടെ കുടുംബതല ബോധവൽക്കരണം നടത്തുക.
  •  
  • യുവജനങ്ങളെയും വിദ്യാർത്ഥികളെയും ലഹരിവിരുദ്ധ പ്രവർത്തനങ്ങളിൽ സജീവമായി പങ്കാളികളാക്കുക.
  •  
  • ലഹരി വിൽപ്പനയും ഉപയോഗവും സംബന്ധിച്ച വിവരങ്ങൾ ബന്ധപ്പെട്ട അധികാരികളെ അറിയിക്കുന്നതിനുള്ള സംവിധാനം ശക്തിപ്പെടുത്തുക.
  •  
  • ലഹരിക്ക് അടിമപ്പെട്ടവർക്ക് ആവശ്യമായ ചികിത്സ,  കൗൺസിലിംഗ്, പുനരധിവാസ സേവനങ്ങൾ ലഭ്യമാക്കാൻ പിന്തുണ നൽകുക.
  •  
  • വാർഡുതല പ്രവർത്തനങ്ങൾ നിരന്തരം വിലയിരുത്തുകയും തുടർപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും ചെയ്യുക.
  •  
  •  

ജനകീയ പങ്കാളിത്തം – പ്രധാന കരുത്ത്

 

ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ സർക്കാർ സംവിധാനങ്ങളുടെ മാത്രം ഉത്തരവാദിത്തമല്ല. ഓരോ കുടുംബത്തിന്‍റെയും ഓരോ പൗരന്‍റെയും പങ്കാളിത്തം അത്യന്താപേക്ഷിതമാണ്. കുട്ടികളെയും യുവജനങ്ങളെയും ലഹരിയുടെ പിടിയിൽനിന്ന് സംരക്ഷിക്കുന്നതിനായി വീടുകൾ, വിദ്യാലയങ്ങൾ, പൊതുസ്ഥലങ്ങൾ, യുവജന കൂട്ടായ്മകൾ എന്നിവയെ ബന്ധിപ്പിച്ചുകൊണ്ടുള്ള ജനകീയ മുന്നേറ്റമാണ് മരട് നഗരസഭ ലക്ഷ്യമിടുന്നത്.

 

ലഹരിമുക്ത മരട് – സുരക്ഷിത യുവത്വം – ആരോഗ്യകരമായ സമൂഹം

 

ലഹരിക്കെതിരെ നമുക്ക് ഒരുമിച്ച് അണിനിരക്കാം. ഓരോ വാർഡും ലഹരിമുക്തമാക്കാം.

 

Place secretarymaradu@gmail.com 0484-2706544 , 9188955191